ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പ്രാചീനകാലത്ത് തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകളുടെ പടിഞ്ഞാറതിര്‍ത്തിയില്‍ കയറിക്കിടന്നിരുന്ന കടല്‍ എ.ഡി നാലാം ശതകത്തോടെ പിന്‍മാറിയാണ് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകള്‍ ഉണ്ടായത് എന്ന് ഭൂവിജ്ഞാനികള്‍ അനുമാനിക്കുന്നു. അമ്പലപ്പുഴ താലൂക്കിന്റെ തെക്കേയറ്റമാണ് പുറക്കാട്. ആദ്യകാലത്ത് കേരളത്തിലുണ്ടായിരുന്ന മൂന്ന് പ്രധാന പ്രകൃതിദത്ത തുറമുഖങ്ങളില്‍ പ്രഥമസ്ഥാനമായിരുന്നു ‘ബറക്ക’, ബറേക്ക’എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന പുറക്കാടിന്. യൂറോപ്യന്‍ രേഖകളില്‍ ബറക്കാ, പേര്‍ക്കാ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ നിന്നാണ് പുറക്കാട് എന്ന പേര് നിലവില്‍ വന്നിട്ടുള്ളത്. ആയ് രാജാവായിരുന്ന വിക്രാമദിത്യവരഗുണന്റെ കാലത്ത് വളരെ പ്രശസ്തമായിരുന്ന തൃക്കുന്നപ്പുഴയ്ക്കും അമ്പലപ്പുഴയ്ക്കും ഇടയ്ക്കുള്ളതും കടലോരത്ത് സ്ഥിതി ചെയ്യുന്നതുമായ ശ്രീമൂലവാസം എന്ന് പരാമര്‍ശിച്ചിട്ടുള്ളത് ഈ പ്രദേശമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ ബൌദ്ധികതീര്‍ത്ഥാടനകേന്ദ്രം എ.ഡി. പത്താം ശതകം വരെ പ്രശസ്തമായിത്തന്നെ നിലനിന്നിരുന്നു. അമ്പലപ്പുഴയിലെ കരുമാടിയില്‍ സ്ഥാപിച്ചിരിക്കുന്ന ‘കരുമാടിക്കുട്ടന്‍’ എന്ന ബുദ്ധ പ്രതിമ പുറക്കാട്ടെ തോട്ടപ്പള്ളിക്കു സമീപത്തു നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുള്ളതാണ്. റോമാസമ്രാജ്യവുമായി വ്യാപാരബന്ധവുമുണ്ടായിരുന്ന പ്രാചീന തുറമുഖങ്ങളിലൊന്നാണ് ഇത്. പുറക്കാട് തുറമുഖ പട്ടണത്തിന് പേര്‍ഷ്യ, അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായും വ്യാപാരബന്ധം ഉണ്ടായിരുന്നു. സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതിയില്‍ ലോകത്തില്‍ ഒന്നാം തരമെന്ന ഖ്യാതി പുറക്കാട് നേടിയിരുന്നു. വൈഡൂര്യം, പവിഴം, ചെമ്പ്, തകരം, ഈയം, വീഞ്ഞ് തുടങ്ങിയവ ഇവിടെ ഇറക്കുമതി ചെയ്തിരുന്നു. വാസ്കോഡ ഗാമയുടെ രണ്ടാമെത്ത പര്യടനവേളയില്‍ (1502) പോര്‍ച്ചുഗീസുകാര്‍ ആലപ്പുഴയുമായി ബന്ധം സ്ഥാപിച്ചത് പുറക്കാട് വഴിയാണ്. ചെമ്പകശ്ശേരി രാജാവിന് “പുറക്കാട്ട് അരയന്റെ“ നേതൃത്വത്തില്‍ ശക്തമായ ഒരു കപ്പല്‍ പട ഉണ്ടായിരുന്നു. ഈ സേന ചെമ്പകശ്ശേരിക്കുവേണ്ടി നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഈ നാവികസേനയുടെ ആവശ്യത്തിലേയ്ക്കായി ആണ് ആദ്യമായി ചുണ്ടന്‍, വെപ്പ് തുടങ്ങിയ വള്ളങ്ങള്‍ രൂപകല്പന ചെയ്ത് നിര്‍മ്മിച്ചിട്ടുള്ളത്. അറബികളുമായി വ്യാപരബന്ധം തുടങ്ങിയ കാലം മുതല്‍ക്ക് ഇസ്ളാം മതത്തിന്റെ സാന്നിദ്ധ്യം ഇവിടെ ഉണ്ടായി. പുറക്കാട്ടെ ആദ്യത്തെ ക്രിസ്തുമത ദേവാലയം പോര്‍ച്ചുഗീസുകാരാണ് സ്ഥാപിച്ചിട്ടുള്ളത്. 17-ാം ശതകത്തിലാണ് ഗൌഡസാരസ്വത ബ്രാഹ്മണര്‍ ഗോവയില്‍ നിന്നു പുറക്കാട്ട് എത്തിച്ചേര്‍ന്നത്. ചെമ്പകശ്ശേരി രാജാവിന്റെ അനുമതിയോടെ അവര്‍ ഇവിടെ കുടിയേറി വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടു. അവര്‍ നിര്‍മ്മിച്ച ശ്രീവേണുഗോപാല സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ്.