Alappuzha District
കുടുംബശ്രീ

കേവല ദാരിദ്ര്യനിർമാർജനത്തിനായി കേരള സർക്കാർ രൂപം കൊടുത്തിട്ടുള്ള നവീന ദാരിദ്ര്യ നിർമാർജന പദ്ധതിയാണ് കുടുംബശ്രീ അഥവാ കേരള സംസ്ഥാന ദാരിദ്ര്യ നിർമാർജന  ദൗത്യം. നബാർഡിന്റെ സഹായത്തോടെയുള്ള സമ്പൂർണ ദാരിദ്ര്യ നിർമാർജന യജ്ഞം എന്ന നിലയിലാണ് കുടുംബശ്രീ പദ്ധതി രൂപീകൃതമായത്. കുടുംബശ്രീ എന്നാൽ "കുടുംബത്തിന്റെ ഐശ്വര്യം' എന്നാണ് അർത്ഥം.

1997-ൽ ആരംഭിച്ച ജനകീയാസൂത്രണ പദ്ധതിയുടെ പശ്ചാത്തലത്തിൽ ദാരിദ്ര്യ നിർമാർജനത്തിന്റെ സാധ്യതയെക്കുറിച്ച് ദാരിദ്ര്യ നിർമാർജനത്തിനായി നൂതന മാർഗങ്ങൾ ആരായുന്നതിനായി ശ്രീ. എസ്.എം. വിജയാനന്ദ് ഐ.എ.എസ്, സംസ്ഥാന ആസൂത്രണ കമ്മീഷൻ അംഗം ഡോ. തോമസ് ഐസക്, ഡോ. പ്രകാശ് ബക്ഷി എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിക്കുകയുണ്ടായി. ഈ കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് 1997-98 ലെ സംസ്ഥാന ബഡ്ജറ്റിൽ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ കുടുംബശ്രീയുടെ രൂപീകരണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. അയൽക്കൂട്ടങ്ങൾ, എ.ഡി.എസ്, സി.ഡി.എസ് എന്നിങ്ങനെ ത്രിതല സംഘടനാ സംവിധാനത്തിലൂടെയാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. ഇതിന്റെ അടിസ്ഥാന ഘടകമാണ് അയൽക്കൂട്ടങ്ങൾ. പ്രാദേശിക തലത്തിൽ 10 മുതൽ 20 വനിതകളെ ഉൾപ്പെടുത്തിയാണ് അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നത്. ഒരു തദ്ദേശഭരണ പ്രദേശത്തെ ഓരോ വാർഡിലേയും അഫിലിയേഷൻ നേടിയിട്ടുള്ള അയൽക്കൂട്ടങ്ങളുടെ സംയോജിത രൂപമാണ് എ.ഡി.എസ്. അതുപോലെ ത്രിതല സംഘടനാ സംവിധാനത്തിന്റെ ഉപരി സംഘമാണ് സി.ഡി.എസ്. 1990 മുതൽ ആലപ്പുഴ മുനിസിപ്പാലിറ്റി, മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ത്രിതല സംവിധാനത്തിന്റെ വിജയത്തിൽ നിന്നാണ് അംഗീകരിക്കപ്പെട്ട സാമൂഹ്യ ഘടനയായി കുടുംബശ്രീ മാറിയത്.

വെബ് സൈറ്റ്  : www.kudumbashree.org

DETAILS